'ആധുനിക വിദ്യാഭ്യാസം- ചരിത്രവും ദര്‍ശനവും' (ലക്കം 50) എന്ന കവര്‍സ്റ്റോറിയാണ് ഈ കുറിപ്പിന് ആധാരം. മുസ്‌ലിം സമൂഹത്തില്‍ മതാധിഷ്ഠിത ആധുനിക വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കും പ്രസ്തുത മേഖലയിലേക്ക് കടന്നുവരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വ്യക്തമായ ദിശാബോധം നല്‍കുന്ന കൃതിയാണ് ഇറാനിലെ പ്രമുഖ ഇസ്‌ലാമിക ചിന്തകനായ സയ്യിദ് ഹുസൈന്‍ നസ്വ്‌റിന്റെ A young Muslim's guide to modern World എന്ന പുസ്തകം.
മുന്‍വിധിയോടെ ഇസ്‌ലാമിനെ പഠിക്കുകയും തദടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുകയും ഇസ്‌ലാമിന്റെ മൗലികസങ്കല്‍പങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന ഓറിയന്റലിസ്റ്റുകളുടെ വിതണ്ഡവാദങ്ങള്‍ക്ക് യുക്തിഭദ്രമായ മറുപടി കൂടിയാണ് ഈ ഗ്രന്ഥം. മതവിശ്വാസത്തിന്റെ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ പാശ്ചാത്യ ആധുനിക വിദ്യാഭ്യാസ സംസ്‌കൃതിയെ അതിന്റെ മത-രാഷ്ട്രീയ - സാമൂഹിക ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്ന പ്രസ്തുത ഗ്രന്ഥം മുഴുവനായി മലയാളത്തില്‍ വരേണ്ടതുണ്ട്.
മുസ്‌ലിം നാടുകളിലേക്കുള്ള പടിഞ്ഞാറന്‍ സാംസ്‌കാരിക സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റം കടപുഴക്കിയെറിയുന്നത് അവിടങ്ങളില്‍ നിലനില്‍ക്കുന്ന മത ധാര്‍മികബോധത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായത്തെ മാത്രമല്ല, അതത് പ്രദേശങ്ങളിലെ ഭാഷകളെയും ഉത്കൃഷ്ട സംസ്‌കാരങ്ങളെയും കൂടിയാണ്. സാംസ്‌കാരിക സാമ്രാജ്യത്വത്തിന്റെ ഈ കുത്സിത തന്ത്രങ്ങളില്‍ അറിഞ്ഞോ അറിയാതെയോ അകപ്പെട്ടുപോയ മുസ്‌ലിം നാടുകള്‍ അവര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭാഷാ സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ചുവരുന്ന വിദേശ സ്വാധീനത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്ര സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ അറബി ഭാഷയുടെ പ്രാധാന്യവും യശസ്സും നിലനിര്‍ത്താന്‍ നിയമനിര്‍മാണത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന യു.എ.ഇ ഫെഡറല്‍ നാഷ്‌നല്‍ ഡെപ്യൂട്ടി സ്പീക്കര്‍ അഹ്മദ് ബിന്‍ ശബീബ് അല്‍ ദഹേരിയുടെ പ്രസ്താവന (ഗള്‍ഫ് ന്യൂസ് ഏപ്രില്‍ 19, 2010) ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. ഫ്രഞ്ച് ഭാഷയുടെ പരിരക്ഷണത്തിന് ഫ്രാന്‍സില്‍ നിയമം നിലവിലുള്ളതുപോലെ സാമ്പത്തിക സാമൂഹിക ബൗദ്ധിക രംഗങ്ങളില്‍ അറബിഭാഷയുടെ ഉപയോഗം ഉറപ്പുവരുത്താന്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്ന കാര്യം യു.എ.ഇ ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്.
മുസ്‌ലിം നാടുകളിലെ ഭരണകൂടങ്ങള്‍ ബാഹ്യശക്തികള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന വിദ്യാഭ്യാസ പരിഷ്‌കരണ പദ്ധതികളെ പ്രത്യക്ഷത്തില്‍ തിരസ്‌കരിക്കാറുണ്ടെങ്കിലും, അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിദ്യാഭ്യാസ രംഗത്തേക്ക് പടിഞ്ഞാറിന്റെ മതേതര നവീകരണാശയങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ തീരെ പിശുക്ക് കാണിച്ചിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളിലെ നിലവിലുള്ള പാഠ്യപദ്ധതികള്‍ പരിശോധിച്ചാല്‍ മേഖലയിലെ വളര്‍ന്നുവരുന്ന തലമുറകളെ ഏതു രീതിയിലായിരിക്കും അത് മാറ്റിയെടുക്കുക എന്ന് ഊഹിക്കാന്‍ കഴിയും. വിദ്യാഭ്യാസരംഗത്ത് ദ്രുതഗതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളില്‍ ശ്രദ്ധേയമായത് ഇംഗ്ലീഷ് ഭാഷയോട് അവിടങ്ങളിലെ ദേശീയ സര്‍വകലാശാലകള്‍ വെച്ചുപുലര്‍ത്തുന്ന അതിരുകവിഞ്ഞ ആശ്രിതത്വമാണ്. ഗള്‍ഫിലെ പ്രാഥമിക വിദ്യാ കേന്ദ്രങ്ങളിലും സെക്കന്ററി വിദ്യാലയങ്ങളിലും ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് ഭാഷാപോഷണ പദ്ധതികള്‍ക്ക് തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്കിടയില്‍ വേണ്ടുവോളം സ്വീകാര്യത ലഭിക്കാതിരിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം! ദേശീയ വിദ്യാലയങ്ങളിലെ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ് ഭാഷയേക്കാള്‍ അവരുടെ മാതൃഭാഷയായ അറബി ഗ്രഹിക്കാന്‍ പ്രാപ്തിയുണ്ടായിരിക്കെ, സാമൂഹിക ശാസ്ത്ര വിഷയങ്ങളും മാനവിക വിഷയങ്ങളുമൊക്കെ ഇളംതലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്നത് ഇംഗ്ലീഷിലാണ്.
ഇംഗ്ലീഷ് ഭാഷ അനായാസം ഗ്രഹിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് പാഠ്യവിഷയങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാനും സംവദിക്കാനുമുള്ള അവസരങ്ങളാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. ഗള്‍ഫിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയിലും സാമൂഹിക ശാസ്ത്ര പഠന രംഗത്തും ഈ പ്രവണത ഒരുപോലെ കണ്ടുവരുന്നു. ഐഛിക വിഷയമായി ഇംഗ്ലീഷ് ഭാഷാ പഠനം തെരഞ്ഞെടുക്കാനും പ്രസ്തുത ഭാഷയില്‍ ഗവേഷണം നടത്താനുമുള്ള സൗകര്യങ്ങളുണ്ടായിരിക്കെ, ഹ്യൂമാനിറ്റീസ് പോലെയുള്ള വിഷയങ്ങളും സായിപ്പിന്റെ ഭാഷയില്‍തന്നെ പഠിക്കണമെന്നാണ് ബന്ധപ്പെട്ടവരുടെ ഉത്തരവ്. ഗള്‍ഫിലെ മത്സരാധിഷ്ഠിത തൊഴില്‍ വിപണിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ എല്ലാ കിതാബുകളും ആംഗലഭാഷയില്‍ തന്നെ പഠിക്കണെന്ന് നിഷ്‌കര്‍ഷിക്കുന്നത് വിചിത്രം തന്നെ! ആഗോളീകരണത്തിലൂടെ സാംസ്‌കാരിക സാമ്രാജ്യത്വം അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്ന അധിനിവേശത്തിന്റെ മുന്നോടിയായി തകര്‍ക്കപ്പെടുന്നത് അധിനിവിഷ്ഠ പ്രദേശങ്ങളിലെ ഭാഷയായിരിക്കുമെന്ന് 'ആഗോളവത്കരണവും മുസ്‌ലിംകളും' എന്ന ഗ്രന്ഥത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവി നിരീക്ഷിക്കുന്നുണ്ട്. ഭാഷ അന്യമാകുന്നതോടെ സാംസ്‌കാരിക സ്വത്വം നഷ്ടപ്പെടുന്ന സമൂഹത്തെ അധിനിവേശ ശക്തികളുടെ നുകത്തിനു കീഴില്‍ കൊണ്ടുവരാന്‍ ഏറെ പണിപ്പെടേണ്ടിവരില്ല.